പൊൻമുടിയുടെ മഞ്ഞിറക്കവും തണുപ്പും മങ്കയത്തെ വെള്ളച്ചാട്ടവും കാണാൻ മാസങ്ങൾക്കു ശേഷം വീണ്ടും അവസരമൊരുങ്ങുന്നു, പ്രധാന നിർദേശങ്ങൾ


പൊൻമുടിയുടെ മഞ്ഞിറക്കവും തണുപ്പും മങ്കയത്തെ വെള്ളച്ചാട്ടവും കാണാൻ മാസങ്ങൾക്കു ശേഷം വീണ്ടും അവസരമൊരുങ്ങുന്നു. വനം വകുപ്പിനു കീഴിലുള്ള പൊൻമുടി, മങ്കയം, കല്ലാർ ഗോൾഡൻവാലി, കല്ലാർ മീൻമുട്ടി ടൂറിസം മേഖലകളിൽ 19മുതൽ സഞ്ചാരികൾക്ക് നിയന്ത്രണങ്ങളോടെ പ്രവേശനം അനുവദിക്കാൻ വനം വകുപ്പ് തീരുമാനിച്ചു.  പ്രവേശനം ആഗ്രഹിക്കുന്നവർ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം.

കോവിഡ് ലക്ഷണങ്ങൾ ഉള്ളവരെ കടത്തിവിടില്ല. ഇതിനായി പരിശോധനയ്ക്ക് ചെക്പോസ്റ്റുകളിൽ പ്രത്യേക സംവിധാനം ഒരുക്കും. കോവിഡ് വ്യാപനത്തിന്റെ ഭാഗമായി ഒൻപത് മാസങ്ങൾക്ക് മുൻപാണ് ടൂറിസം മേഖലകൾ അടച്ചിട്ടത്. മഞ്ഞിറക്കവും തണുപ്പും അനുഭവപ്പെടുന്ന ഡിസംബറിലാണ് പൊൻമുടിയിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്നത്.

മഞ്ഞിനിടയിലൂടെ 22 ഹെയർപിൻ വളവുകൾ താണ്ടി കൂന്നിൻനെറുകയിൽ എത്തുന്ന സഞ്ചാരികൾക്ക് ലഭിക്കുന്നത് ഒരു ആകാശയാത്രയുടെ ത്രില്ലാണ്. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾക്കും ആയിരക്കണക്കിന് സഞ്ചാരികളാണ് ഇവിടെ വന്നു പോകുന്നത്. കഴിഞ്ഞ സീസണിൽ ഒന്നര ലക്ഷത്തോളം പേർ എത്തിയെന്നാണ് വനം വകുപ്പിന്റെ കണക്ക്.

മങ്കയം ഇക്കോടൂറിസത്തിലും ഈ മാസത്തിൽ വലിയ തിരക്കാണ് സാധാരണ ഉണ്ടാകുന്നത്. എന്നാൽ മാസങ്ങളായി അടഞ്ഞു കിടക്കുന്നതു മൂലം വരുമാനമില്ലാതെയും വനസംരക്ഷണസമിതി അംഗങ്ങളായ തൊഴിലാളികൾക്ക് തൊഴിൽ ഇല്ലാതെയും വലിയ ബുദ്ധിമുട്ടിലായിരന്നു. ഇതുകൂടി ലക്ഷ്യമിട്ടാണ് നിയന്ത്രണങ്ങളോടെ തുറക്കുന്നത്.

പ്രധാന നിർദേശങ്ങൾ:

∙ ഒരു വാഹനത്തിന് രണ്ടു മണിക്കൂറിൽ കൂടുതൽ ടൂറിസം മേഖലയിൽ പാർക്കിങ് അനുവദിക്കില്ല.
∙ എല്ലാ വാഹനത്തിലും സാനിറ്റൈസർ കരുതിയിരിക്കണം.
∙ മാസ്ക് നിർബന്ധമായും ധരിക്കണം.
.∙ നിശ്ചിത സന്ദർശകരിൽ കൂടുതലായാൽ പിന്നെ കടത്തിവിടില്ല.
∙ സർക്കാരിന്റെ എല്ലാ കോവിഡ് മാനദണ്ഡങ്ങളും കൃത്യമായി പാലിക്കണം.

Comments