ഏകദേശം രണ്ടു വര്‍ഷങ്ങള്‍ക്കു മുന്നേ ആയിരുന്നു ആദ്യമായി ബോണക്കാട് ബംഗ്ലാവിനെകുറിച്ചുള്ള ആര്‍ട്ടിക്കിളുകള്‍ കണ്ടു തുടങ്ങിയത്. Google ല്‍ Haunted places in kerala എന്ന് നോക്കിയാല്‍ ആ ലിസ്റ്റില്‍ ആദ്യം കാണാനാകും 13 വയസ്സുകാരിയുടെ പ്രേത ശല്യമുള്ള, ദുരാത്മാവ് അലഞ്ഞു നടക്കുന്ന GB 25 എന്ന ബോണക്കാട്ടെ പ്രേത ബംഗ്കാവ്.
ബ്രിട്ടിഷുകാരനായ എസ്റ്റേറ്റ് മാനേജര്‍ തന്റെ കുടുംബത്തോടൊപ്പം താമസ്സിക്കുന്നതിനായി 1951ല്‍ പണി കഴിപ്പിച്ച പാശ്ചാത്യ രീതിയിലുള്ള ഒരു കെട്ടിടം. ചുറ്റിലുമായി തോട്ടം തൊഴിലാളികള്‍ താമസിച്ചിരുന്ന പൊട്ടിപൊളിഞ്ഞ ചെറിയ വീടുകള്‍. കുറച്ചു നാളുകള്‍ക്ക് ശേഷം ആ കുടുംബത്തിലെ 13 വയസ്സുകാരിയായ പെണ്‍കുട്ടി ദുരുഹസാഹചര്യത്തില്‍ മരണപ്പെട്ടു. തുടര്‍ന്ന് മാനേജറും കുടുംബവും ഇന്ത്യയില്‍ നിന്നും തിരിച്ചു അവരുടെ നാട്ടിലേക്കു എല്ലാം ഉപേക്ഷിച്ചു പോയി. എന്നാല്‍ പോയതിനു ശേഷവും ആ 13 വയസ്സുകാരിയുടെ ദുരാത്മാവ് അവിടെ തന്നെ അലഞ്ഞു തിരിഞ്ഞു ബോണക്കാട്കാരുടെ ഉറക്കം കെടുത്തി നിന്നു.
ഇന്നും പലപ്പോഴും അവിടെ രാത്രി സമയങ്ങളില്‍ പൊട്ടിച്ചിരികളും ജനല്‍ചില്ലുകള്‍ തകരുന്ന ശബ്ദവും കേട്ട് കൊണ്ടേ ഇരിക്കുന്നു. വിറകു ശേഖരിക്കാനായി അവിടേക്ക് പോയ ഒരു പെണ്‍കുട്ടി ഒരിക്കല്‍ ഒരു ആണ്‍കുട്ടിയുടെ രൂപം കണ്ടു ഭയന്ന് തിരിച്ചു വന്നപ്പോള്‍ അസാധാരണമായി ഇംഗ്ലീഷ് ഭാഷ അനയാസ്സമായി സംസാരിക്കുകയും, അധിക നാളില്ലാതെ അവള്‍ മരിക്കുകയും ചെയ്തു എന്നും പറഞ്ഞു കേട്ടു.
മേല്പറഞ്ഞ കഥയുമായി ബോണക്കാടുകാരുടെ അടുത്തേക്ക് മാത്രം ആരും പോകരുത്. അവരു നമ്മളെ കണ്ടം വഴി ഓടിക്കും. ഇടയ്ക്കെപ്പോഴോ ഇറങ്ങിയ “മഞ്ഞ മാധ്യമ ധര്‍മ്മം” കാത്ത് സൂക്ഷിക്കുന്ന ഏതോ ഒരു പത്രത്തിന്റെ ആ റിപ്പോര്‍ട്ടര്‍ ആരാണെന്നു അവര്‍ ഇപ്പോഴും അന്വേഷിക്കാറുണ്ട്. കാരണം രണ്ടു വര്‍ഷങ്ങള്‍ക്കു മുന്നേ വന്ന ആ ലേഖനത്തിന്റെ ട്രാക്ക് പിടിച്ചു അവിടെ പ്രേതത്തെ ആവാഹിക്കാനായി വന്നവര്‍ ചില്ലറയൊന്നുമല്ലായിരുന്നു. വിജനമായി കിടന്നിരുന്ന ആ കെട്ടിടത്തിന്റെ ചുവരുകളില്‍ ഇന്നിപ്പോള്‍ പ്രണയത്തിന്റെയും, സൌഹൃദത്തിന്‍റെയും, മലയാളഭാഷയുടെ “വകഭേതങ്ങളുടെയും” ഒക്കെ നേര്‍കാഴ്ച കരിക്കട്ട കൊണ്ട് ചുമര്‍ ചിത്രമാക്കാനായി ഒരുപാട് പേര്‍ വന്നു പോയിരിക്കുന്നു. ചുമര്‍ചിത്രങ്ങളില്‍ പ്രണയലേഖനങ്ങള്‍ മുതല്‍ ഒരു രാത്രിക്ക് പ്രേതത്തിനു എത്രയാകും എന്ന് വരെ കാണാനായി. അതിപ്പോ താജ്മഹല്‍ ആയാലും ബോണക്കാട് പ്രേതബംഗ്ലാവ് ആയാലും നല്ലൊരു ശതമാനം മലയാളികളുടെ പൊതുവായ സ്വഭാവം അവരവിടെ വരയ്ച്ചു കാട്ടിയിട്ടുണ്ട്..എന്തല്ലേ….
ബംഗ്ലാവില്‍ കയറുന്നതിനും മുന്നേ ബോണക്കാട് എത്തിയപ്പോള്‍ ഏകദേശം ഭേദപ്പെട്ട ഒരു ചായക്കടയായ നീതു ടീ സ്റ്റാളിന്‍റെ ബെഞ്ചില്‍ ബോണക്കാട്ടുകാരുടെ സ്വന്തം തേയില കൊണ്ട് ഇട്ട ചൂട് ചായയും (ലാലേട്ടന്‍ പറഞ്ഞ പോലെ ഉയരം കൂടിയത് കൊണ്ടോ, അതോ ആ തേയിലയുടെ രുചി കൊണ്ടോ ഉഗ്രന്‍ ചായ ആയിരുന്നു), ഓംലെറ്റും കഴിച്ചു ഇരുന്നപ്പോള്‍ ആദ്യമേ അവിടെ വന്നു കയറിയ ചേട്ടന്‍ ചോദിച്ചത്, ബംഗ്ലാവിലേക്ക് പോകാന്‍ വന്നതാണോ എന്നായിരുന്നു. അഗസ്ത്യാര്‍കൂടം ബേസ്ക്യാമ്പിലേക്ക് പോകാനായി ഇറങ്ങിയ ഞാന്‍ പിന്നെ ബംഗ്ലാവ് കൂടി കണ്ടിട്ട് മടങ്ങാമെന്ന് അങ്ങ് ഉറപ്പിച്ചു.
ചായകുടി കഴിഞ്ഞു നേരെ മുകളിലേക്ക് വച്ച് പിടിച്ചു. തെക്കൻ കേരളത്തിൽ അത്യാവശ്യം ഭേദപ്പെട്ട ഓഫ് റോഡ് റോസ് മല മാത്രമെന്നായിരുന്നു ഞാന്‍ കരുതിയത്. എന്നാല്‍ ബോണക്കാട് മുതല്‍ ബംഗ്ലാവ് വരെ ഉള്ള റോഡ് മികച്ച ഒരു അനുഭവം ആണ്. നന്നായി ടാര്‍ ചെയ്ത റോഡ് വളരെ കുറച്ചു ദൂരം മാത്രമേ ഉള്ളു. കുറെ ചെന്ന് കഴിഞ്ഞപ്പോള്‍ പിന്നെ കല്ലും മണ്ണും പാറയുമൊക്കെ നിറഞ്ഞ ചെമ്മണ്‍ പാതയാണ്. ആ പാതയിലൂടേ നേരെ ചെന്ന് എത്തുന്നത് ബംഗ്ലാവിന്റെ മുന്നിലേക്കാണ്.
ഏറ്റവുമധികം വിഷമം തോന്നിയത് സമീപവാസികളുടെ അവസ്ഥ ഓര്‍ത്താണ്. ഇത്രയും മനോഹരമായ എസ്റ്റേറ്റിനു അതിന്റെ എല്ലാ പ്രൌഡിയും നഷ്ടമായിരിക്കുന്നു. തൊഴിലാളി സമരം കാരണമായിരുന്നു എസ്റ്റേറ്റ് പൂട്ടിയത്. തുടര്‍ന്ന് അവിടെ താമസിച്ചിരുന്ന തൊഴിലാളികള്‍ പല ഭാഗങ്ങളിലേക്കായി വീടുപേക്ഷിച്ച് പോയെങ്കിലും ഇന്നും കിട്ടാനുള്ള ബാക്കി തുക എന്നെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയില്‍ നിരവധി കുടുംബങ്ങള്‍ അവിടെ താമസിക്കുന്നു. പോകുന്ന വഴിയില്‍ പലസ്ഥലങ്ങളിലും വിപ്ലവത്തിന്റെ മണമുള്ള പാര്‍ട്ടി ഓഫീസ്സുകള്‍ ഇന്നും നിലം പൊത്താതെ നില്‍പ്പുണ്ട്.
ചെമ്മണ്‍പാത കഴിഞ്ഞു നേരെ ചെന്നെത്തുന്നത് വഴി മുടക്കി മറിഞ്ഞു കിടന്ന ഒരു വലിയ മരത്തിന്റെ മുന്നിലാണ്. വലതു കാലെടുത്തു വയ്ക്കുന്നത് ടൈറ്റാനിക്കിലെക്കാണോ എന്ന് തോന്നിയെങ്കിലും ബംഗ്ലാവിലേക്കുള്ള ആദ്യ എന്‍ട്രി അവിടെ നിന്നും തുടങ്ങി ഗേറ്റില്‍ ചെന്ന് നില്‍ക്കും. കോമ്പൌണ്ടിനുള്ളിലേക്ക് കടന്നു ചെല്ലുമ്പോള്‍ ആരുമൊന്നു സംശയിക്കും. Conjuring സീരിസ് സിനിമകളില്‍ കാണാന്‍ സാധിക്കുന്ന തരം ഒരു ബംഗ്ലാവ് (കഥകള്‍ക്കും അതെ സാമ്യത തോന്നി). അവിടെ പ്രേതമില്ല എന്നൊക്കെ പറഞ്ഞാല്‍ നമ്മള്‍ പോലും സംശയിക്കും, “ശെടാ ഇത്ര പൊളി ബംഗ്ലാവില്‍ എന്തേ പ്രേതങ്ങള്‍ പോലും കൊതിക്കില്ലേ താമസ്സിക്കാന്‍” എന്ന്.
ബംഗ്ലാവിന്റെ ഉള്ളില്‍ ചെന്നപ്പോള്‍ ശെരിക്കും ആദ്യം അത്ഭുതവും, പിന്നീട് അസൂയയും തോന്നിപോയി. പൂര്‍ണ്ണമായും വൈദേശികമായ രീതിയില്‍ നിര്‍മ്മിക്കപ്പെട്ട ബംഗ്ലാവിന്റെ മുന്‍ വശത്തായി ചെറിയൊരു ഹാള്‍. അവിടെയൊരു കസേര വലിച്ചിട്ടു മുന്നിലേക്ക് നോക്കിയിരുന്നാല്‍ ബോണക്കാടിന്‍റെയും, പേപ്പാറ ഡാമിന്‍റെയും മനോഹരമായ ഒരു വ്യു കിട്ടും. മൂന്ന് ബെഡ്റൂമും കിച്ചണും ഹാളും നെരിപ്പോടുമെല്ലാം ഉള്‍പ്പെടുന്ന ഒരു കുഞ്ഞു ബംഗ്ലാവ്. അവിടെ താമസ്സിച്ചിരുന്നവര്‍ ശെരിക്കും ഭാഗ്യം ചെയ്തവര്‍ എന്ന് തോന്നിപോയി.
കുറെ ഫോട്ടോസ് എല്ലാമെടുത്തു കുറച്ചു സമയം അവിടെ തന്നെ ഇരുന്നു തിരിച്ചിറങ്ങുമ്പോള്‍ മനസ്സില്‍ വല്ലാത്തൊരു ദേഷ്യം തോന്നി മേല്‍പ്പറഞ്ഞ റിപ്പോര്‍ട്ടറിനോട്. ഇത്രയും പൊന്നു പോലത്തൊരു സ്ഥലത്തെക്കുറിച്ച് ഇങ്ങനെ ഇല്ലാത്തതു പറഞ്ഞു പരത്തി ആള്‍ക്കാരെ അവിടേക്ക് ആകര്‍ഷിച്ചു ഇവിടം ഇങ്ങനെ ഇല്ലായ്മ ചെയ്തതിനു.
ഇന്നിപോള്‍ ഇവിടെ സാമുഹികവിരുദ്ധരുടെ താവളം ആണ്. പലപ്പോഴും മദ്യപാനവും, ലഹരി വസ്തുക്കളും ഉള്‍പ്പടെയുള്ള എല്ലാം കൊണ്ട് തന്നെ ഈ പ്രദേശം ഇല്ലാതായിരിക്കുന്നു. നല്ലവരായ ഒരു കൂട്ടം ആള്‍ക്കാര്‍ താമസിക്കുന്ന ഒരു കുഞ്ഞു ഗ്രാമം ആണ് ഇന്നിപ്പോള്‍ ഗൂഗിള്‍ ചെയ്താല്‍ കേരളത്തില്‍ പ്രേതശല്യം ഉള്ള പ്രദേശങ്ങളുടെ ലിസ്റ്റില്‍ ആദ്യം ഇടം പിടിച്ചിട്ടുള്ളത്.
ഈ പോസ്റ്റ് വായിച്ചിട്ട് ഒരു ദിവസം അവിടെ പോയി “കൂടാം” എന്നുമാത്രം ദയവു ചെയ്തു ആരും പ്ലാന്‍ ചെയ്യാതെ ഇരിക്കുക. നല്ലവരായ കുറെ നാട്ടുകാര്‍ക്കും പാവം കുറെ പശുക്കള്‍ക്കും ശല്യമാവാതെ പോയി കണ്ടു ആസ്വദിച്ചു വരാവുന്ന ഒരു സ്ഥലം മാത്രം ആണ് ഇവിടം. പ്രേതത്തെ തപ്പി നട്ടപ്പാതിരയ്ക്ക് സ്റ്റേ ചെയ്യാന്‍ പ്ലാന്‍ ഇടുന്നവര്‍ ഉണ്ടെങ്കില്‍ ഇപ്പോഴേ പറഞ്ഞേക്കാം, നിങ്ങളുടെ സ്വത്തിനും ആയുസ്സിനും ഞാന്‍ ഗാരന്റിയല്ല. മരിച്ചവരേക്കാള്‍ ജീവിച്ചവരെയല്ലേ ഇക്കാലത്ത് പേടിക്കേണ്ടത്.
Comments
Post a Comment