"പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകളിൽ എന്തൊക്കെയുണ്ടെന്ന് ഞങ്ങൾക്കറിയാം"


‘ഭൂഗർഭ അറകളിൽ എന്തൊക്കെയുണ്ടെന്ന് ഒരുപരിധിവരെ എനിക്കറിയാം. പൂർവികർ ഞങ്ങൾക്കു പറഞ്ഞുതന്നിട്ടുണ്ട്. പക്ഷേ, ഇന്നുവരെ പോയി നോക്കിയിട്ടില്ല. ഈ സമ്പത്ത് ഞങ്ങൾക്കു വേണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിൽ 1947നു മുൻപേ ആകാമായിരുന്നല്ലോ. ഈ സ്വത്തുവകകളെല്ലാം ശ്രീപത്മനാഭനുള്ളതാണ്. അതിൽനിന്ന് ഒരുതരിപോലും ഞങ്ങൾക്കു വേണ്ട...’
പത്മനാഭദാസ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമയുടെ വാക്കുകളായിരുന്നു ഇത്. ക്ഷേത്രത്തിനു മേലുള്ള അവകാശം രാജകുടുംബത്തിന് ഉറപ്പാക്കുന്ന സുപ്രീംകോടതി വിധിക്കു പിന്നാലെ അദ്ദേഹത്തിന്റെ അന്നത്തെ വാക്കുകളിലൂടെ ഒരിക്കൽക്കൂടി...


പ്രഭാതങ്ങളിലെ ഒരു മണിക്കൂർ ആണ് എന്റെ സ്വർഗം - രാവിലെ ഏഴുമുതൽ എട്ടുവരെ. ശ്രീപത്മനാഭദർശനശേഷം മടങ്ങിയെത്തുംവരെ. ശിഷ്‌ടസമയം പ്രാരബ്‌ധങ്ങളുടെയും ക്ലേശങ്ങളുടെയും. ജൂൺ 27, 2011: ശ്രീപത്മനാഭസ്വാമിക്ഷേത്രത്തെ സംബന്ധിച്ചും എന്റെ കുടുംബത്തെ സംബന്ധിച്ചും അവിസ്‌മരണീയം. രാജ്യത്തിന്റെ പരമോന്നത നീതിപീഠമായ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയുടെ പശ്‌ചാത്തലത്തിൽ ക്ഷേത്രത്തിലെ നിലവറകൾ തുറന്നു കോടതി നിയോഗിച്ച ഏഴംഗസംഘം പരിശോധിക്കാനുള്ള ദൗത്യം ആരംഭിച്ചു. എന്റെ ജ്യേഷ്‌ഠനായ ചിത്തിര തിരുനാൾ മഹാരാജാവിന്റെ കാലത്ത് ഈ സംഭവം ഉണ്ടാവാത്തതിൽ അൽപം സമാധാനമുണ്ട്. ഇതൊന്നും താങ്ങാനുള്ള കെൽപ് അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. ക്ഷേത്രത്തിൽ ആറു നിലവറകളാണുള്ളത്. ഇവയിൽ ഒന്നു തുറന്നിട്ടു വളരെക്കാലമായി.



ഈ സന്ദർഭങ്ങളിൽ ഒരു കാര്യം പ്രത്യേകം പറയേണ്ടതുണ്ട്: ഇന്നു കാണുന്ന ഈ മഹാക്ഷേത്രം തിരുവിതാംകൂറിന്റെ ശിൽപി അനിഴം തിരുനാൾ മാർത്താണ്ഡവർമയുടെ സമർപ്പണമാണ്. അതിനു മുൻപേ ഇവിടെ ഒരു ക്ഷേത്രമുണ്ടായിരുന്നു. അന്നും നിലവറകളുമുണ്ടായിരുന്നതായി മതിലകം രേഖകളിൽനിന്നു മനസ്സിലാക്കാം. കൊല്ലവർഷം 634 വൃശ്‌ചികം 11ന് അന്നത്തെ മഹാരാജാവ് വീരമാർത്താണ്ഡവർമ നിലവറ തുറന്ന് ഈ നിലവറകളിൽ ചിലതിൽനിന്നു വിശേഷദിവസങ്ങളിൽ നിയമാനുസരണം ആഭരണങ്ങളെടുത്തു ശ്രീപത്മനാഭനു ചാർത്തിയതായാണു രേഖ. മഹാരാജാവ് താൽക്കാലികമായി തെക്കേനടയ്‌ക്കു സമീപം കുളത്തൂർ വീട്ടിലായിരുന്നു താമസമെന്നും രേഖ സൂചിപ്പിക്കുന്നു.

നിലവറകൾ പരിശോധിക്കാൻ തുടങ്ങിയ ദിനംമുതൽ ശ്രീപത്മനാഭസ്വാമിക്ഷേത്രം ലോകശ്രദ്ധയാകർഷിച്ചുവരുന്നു. പ്രാദേശിക - ദേശീയ - രാജ്യാന്തര മാധ്യമങ്ങളെല്ലാം വൻ പ്രാധാന്യത്തോടെയാണു വാർത്തകൾ നൽകിയത്. നിലവറകളിൽ കണ്ടതു പുറംലോകം അറിയരുത് എന്ന വിധി മറികടന്നാണു വാർത്തകൾ ചോർന്നതും ചോർത്തിയതും. മാധ്യമങ്ങൾ അവരുടെ മനോധർമമനുസരിച്ചു വാർത്തകളും വ്യാജ ചിത്രങ്ങളും പരിശോധനാവസ്‌തുക്കളുടെ മൂല്യവും പുറത്തുവിട്ടു. ഇത്രയുമായപ്പോൾ ക്ഷേത്രസുരക്ഷ പ്രശ്‌നമായി. സർക്കാർ വേണ്ടരീതിയിൽ പൊലീസ് സേനയെ വിന്യസിച്ചു. പ്രശാന്തസുന്ദരമായ സ്‌ഥലത്തു റോന്തുചുറ്റുന്ന ആയുധധാരികളായ അർധസൈനികരെയാണ് ഇന്നു കാണുന്നത്.



നിധിയല്ല

സമർപ്പണശേഖരം ഭഗവാന്റെ സമ്പത്താണ്, നിധിയല്ല. നിലവറകളിൽ കണ്ടതെല്ലാം നിധിയായിട്ടാണു പലരും തെറ്റായി കാണുന്നത്. എന്നാൽ അവയെല്ലാം സമർപ്പണശേഖരങ്ങളാണ്. ശ്രീപത്മനാഭഭക്‌തന്മാരായ രാജാക്കന്മാർ കാണിക്കവച്ച സമർപ്പണങ്ങളാണു ബഹുഭൂരിഭാഗവും. മതിലകം രേഖകളിൽ എല്ലാം വ്യക്‌തമാക്കിയിട്ടുമുണ്ട്. ശ്രീപത്മനാഭന്റെ പേരിൽ ഭൂമി പതിച്ചുനൽകുക, പണം നടയ്‌ക്കുവയ്‌ക്കുക, സ്വർണത്തിൽ തീർത്ത ആഭരണങ്ങൾ, പാത്രങ്ങൾ, നവരത്ന പതക്കങ്ങൾ, വെള്ളിപ്പാത്രങ്ങൾ, വിളക്കുകൾ, സ്വർണത്തിലും വെള്ളിയിലും തീർത്ത പൂജാപാത്രങ്ങൾ, കുടങ്ങൾ എന്നിവയും ഇതിലുൾപ്പെടും.

മതിലകവും മതിലകം രേഖകളും

ശ്രീപത്മനാഭസ്വാമിക്ഷേത്രസമുച്ചയത്തിന് ഏഴേക്കർ വിസ്‌തൃതിയുണ്ട്. ആദ്യകാലങ്ങളിൽ കളിമണ്ണുകൊണ്ടും പിന്നീടു കരിങ്കല്ലുകൊണ്ടും തീർത്ത മതിലുകൾ ക്ഷേത്രത്തിനു ചുറ്റും കെട്ടിയുയർത്തിയതിനാൽ ക്ഷേത്രത്തിനു മതിലകം എന്നു പേരു വന്നു. ക്ഷേത്രസംബന്ധിയായതും രാജ്യസംബന്ധിയായതുമായ എല്ലാ സംഭവങ്ങളും ശിലാലിഖിതങ്ങളായും താളിയോലശേഖരങ്ങളായും ലഭ്യമാണ്. താളിയോലകൾ കെട്ടുകളാക്കി സൂക്ഷിച്ചിരിക്കുന്നു. അവയെ ചുരുണകളെന്നു പറയും. ഒരു ചുരുണയിൽ ആയിരത്തിലധികം ഓലകളുണ്ടാകും. വട്ടെഴുത്ത്, കോലെഴുത്ത്, മലയാൺമ, ഗ്രന്ഥാക്ഷരം, പഴന്തമിഴ് എന്നീ ഭാഷകളിലാണ് ചുരുണകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും പഴക്കംചെന്ന താളിയോല എഡി 1320ൽ ഉള്ളതാണ്. മഹാകവി ഉള്ളൂർ മതിലകം രേഖകളെപ്പറ്റി സമഗ്രമായ പഠനം നടത്തിയിട്ടുണ്ട്.

ശ്രീപത്മനാഭസ്വാമിക്ഷേത്രസമുച്ചയത്തിലെ തിരുവമ്പാടി ക്ഷേത്രത്തിൽ ശിലാലിഖിതമുണ്ട്. പതിമൂന്നാം നൂറ്റാണ്ടിലെ ഈ ശിലാലിഖിതം സർവാംഗനാഥ ആദിത്യവർമ അവിടെ ഒരു ഗോശാലയും ഒരു ദീപഗ്രഹവും പണിതതിനെപ്പറ്റിയാണ്. കൊല്ലവർഷം 564(എഡി 1389)ലെ രേഖയിൽ അല്‌പശി ഉൽസവം ആഘോഷിച്ചിരുന്നതായി കാണാം. കൊല്ലവർഷം 634 മകരം 14നു നാലാം കലശം നടന്നതായും രേഖയുണ്ട് (ചുരുണ 2600, ഓല 28).


കൊല്ലവർഷം 634 മകരം 20നു ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ പുനരുദ്ധാരണ പ്രവർത്തനം തുടങ്ങി. കൊല്ലവർഷം 636 മകരം 12നു പൂർത്തിയായി. 12,008 സാളഗ്രാമങ്ങൾ ഉൾക്കൊള്ളുന്ന ശ്രീപത്മനാഭസ്വാമിയുടെ വിഗ്രഹം കടുശർക്കര യോഗത്തിൽ ഭൂമീദേവി, ശ്രീദേവി എന്നീ ദേവതകളുടെ വിഗ്രഹങ്ങളോടൊപ്പം പ്രതിഷ്‌ഠിച്ചു. തുടർന്ന് ഒറ്റക്കൽ മണ്ഡപത്തിന്റെ നിർമാണവും നടന്നതായി ഗ്രന്ഥവരി (ചുരണ 2602, ഓല 3). എട്ടാം ദിവസം വിഗ്രഹം പുനഃപ്രതിഷ്‌ഠിച്ചു. ഈ കാലയളവിൽ മൂലവിഗ്രഹം തിരുവിളം കോവിലിലായിരുന്നു പ്രതിഷ്‌ഠിച്ചിരുന്നത്. ശ്രീപത്മനാഭന്റെ നക്ഷത്രത്തിലേക്കു പ്രധാനം തിരുവോണമാണ്. അന്നേദിവസം വിശേഷാൽ പൂജയും മംഗളവാദ്യം ഉൾപ്പെട്ട പൊന്നുംശീവേലിയുമുണ്ട്. കൊല്ലവർഷം 676 മകരം 23 തിരുവോണമായിരുന്നു. അന്നു ശ്രീബലിബിംബത്തിനു ചാർത്തിയിരുന്ന തിരുവാഭരണങ്ങളെക്കുറിച്ചുള്ള വിവരണം (ചുരുണ 1283, ഓല 194, 195, 196).

കൊല്ലവർഷം 723 മീനം രണ്ടിനു ദേശിംഗനാട് രാജരാജവർമ അനന്തപുരിയിലെത്തി ശ്രീപത്മനാഭനു പണം നടയ്‌ക്കുവച്ചു (ചുരുണ 1673, ഓല 42).

കൊല്ലവർഷം 754 കന്നി 18ന് ഇരവി ഉദയ മാർത്താണ്ഡവർമ ശ്രീപത്മനാഭനു സ്വർണത്താമരപ്പൂവ് സമർപ്പിച്ചു (ചുരുണ 1673, ഓല 66).

കൊല്ലവർഷം 785 കന്നി രണ്ടിന് ഇരവിവർമയുടെ ആട്ടത്തിരുനാളിന് ഒരു പൊന്നിൻപൂവ് സമർപ്പിച്ചു. ഒരു തണ്ടിൽ 32 ഇതളുകളുള്ള സുവർണകമലം. പൊന്നിൻ തളികയിൽ വച്ചായിരുന്നു സമർപ്പണം (ചുരുണ 16, ഓല 4).


മഹാദാനങ്ങൾ 16 എണ്ണമുണ്ട്. അതിൽ സുപ്രധാനമായവയാണ് ഹിരണ്യഗർഭവും തുലാപുരുഷദാനവും. ഹിരണ്യഗർഭം എന്ന പദത്തിനർഥം സ്വർണപ്പാത്രമെന്നാണ്. താമരയുടെ ആകൃതിയിൽ നിർമിച്ച സ്വർണപ്പാത്രത്തിൽ പഞ്ചഗവ്യം നിറച്ച് പണ്ഡിതശ്രേഷ്‌ഠന്മാർ മന്ത്രോച്ചാരണം നടത്തവേ മഹാരാജാവ് ഹിരണ്യഗർഭത്തിൽ പ്രവേശിച്ച് അഞ്ചു പ്രാവശ്യം മുങ്ങും. അതിനുശേഷം ഒറ്റക്കൽ മണ്ഡപത്തിൽ ശ്രീപത്മനാഭനെ ദർശിച്ചശേഷം കിരീടമണിയുന്നു. ഇതോടെ മഹാരാജാവിനു കുലശേഖരപ്പെരുമാൾ എന്ന നാമധേയവും ലഭിക്കുന്നു. സ്വാതിതിരുനാൾ മഹാരാജാവ് ഹിരണ്യഗർഭം നടത്തുന്നതിലേക്കു സ്വർണപ്പാത്രം നിർമിക്കാൻ നൽകിയ നിർദേശം ഇപ്രകാരമായിരുന്നു.

നിർമാണശേഷം ബാക്കിയുള്ളവ കരുതൽധനമായി ശ്രീപത്മനാഭനു സമർപ്പിച്ചിരുന്നു. ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിന്റെ തെക്കുകിഴക്കേ കോണിലാണു തുലാപുരുഷദാനം നടക്കുക.1850ൽ നടന്ന തുലാഭാരത്തിന് 22,924 കഴഞ്ച് 3 മഞ്ചാടി സ്വർണവും 1870ൽ നടന്ന ചടങ്ങിനു 18,150 കഴഞ്ച് 19 മഞ്ചാടി സ്വർണവും ചെലവായി. 1850ൽ തുലാപുരുഷദാനത്തിനുശേഷം 84 കഴഞ്ച് പതിന്നാലര മഞ്ചാടി സ്വർണം ബാക്കിവന്നു.

സ്വാതിതിരുനാൾ മഹാരാജാവ് 34 ലക്ഷം പണമാണ് ഒരവസരത്തിൽ സമർപ്പിച്ചത്. ഇതിൽ വലിയകാണിക്ക വളരെ പ്രസിദ്ധമാണ്. അന്ന് ഒരുലക്ഷം സൂറത്ത് നാണയങ്ങളാണ് ദേവനു സമർപ്പിച്ചത്. കൊല്ലവർഷം 676 വൃശ്‌ചികം 19ന് ഇരവി മാർത്താണ്ഡവർമ വേറിട്ടൊരു സമർപ്പണം നടത്തി - വാദ്യോപകരണങ്ങൾ (ചുരുണ 1720, ഓല 127).


എല്ലാ മഹാരാജാക്കന്മാരും അവരുടെ ആട്ടത്തിരുനാൾ ദിനത്തിൽ ശ്രീപത്മനാഭനും ഇതരദേവന്മാർക്കും ഇനി പറയുന്നവ നടയ്‌ക്കുവയ്‌ക്കും.

കാണിക്ക പണം - 12

പട്ട് - മൂന്ന് കുത്ത്

ബ്രിട്ടിഷ് രൂപ 100ന് - 1725 പണം

പണം - 250, പവൻ - 71

ശ്രീനരസിംഹ പെരുമാൾക്ക്: പണം - 11, പട്ട് - ഒരു കുത്ത്

ശ്രീകൃഷ്‌ണസ്വാമിക്ക്: പണം - 9, പട്ട് - ഒരു കുത്ത്


വടക്കേടത്തും ചുറ്റുനടകളിലും എട്ടു മാറുള്ള സ്വർണത്തിൽ തീർത്ത മൂന്നു പട്ടം ശരപ്പൊളിമാല - 12, ഇവ വയ്‌ക്കാൻ സ്വർണത്തളികയും. ഒരു മാലയ്‌ക്ക് എട്ടു കഴഞ്ചും തളികയ്‌ക്കു 152 കഴഞ്ചും ഭാരം. ഭഗവാനു സമർപ്പിക്കുന്നതൊന്നും തിരിച്ചെടുക്കാറില്ല. അവ നൂറ്റാണ്ടുകൾ പിന്നിട്ടപ്പോൾ വൻശേഖരമായി. ഇതിന്റെ ഉടമ ശ്രീപത്മനാഭനാണ്. അതിനാൽ അവ അവിടെത്തന്നെ സൂക്ഷിക്കണമെന്നാണു ഞങ്ങളുടെ അഭിപ്രായവും ആഗ്രഹവും ആചാരവും.

കോടതി ഇടപെടൽ

2011ൽ സുപ്രീം കോടതിയുടെ നിർദേശത്തെത്തുടർന്നു വസ്‌തുവകകളുടെ കണക്കെടുക്കാനും വിഡിയോയിൽ പകർത്താനും അഞ്ചംഗസമിതിയെ ചുമതലപ്പെടുത്തി. ഭൂഗർഭ നിലവറകളിൽ ഒരെണ്ണം ഇപ്പോഴും തുറക്കാനായിട്ടില്ല. നാഗദേവതയുടെ രൂപം ആലേഖനം ചെയ്‌തു കരിങ്കൽപ്പാളികളാൽ നിലവറ അടച്ചിരിക്കുന്നു. പരിശ്രമിച്ചിട്ടും തുറക്കാനാവാത്തതിനാൽ ശ്രമം ഉപേക്ഷിക്കുകയും കോടതിയെ വിവരം ബോധിപ്പിക്കുകയും ചെയ്‌തു. തൽക്കാലം ഈ നിലവറ തുറക്കേണ്ടെന്നു കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ഇത്രയും സംഭവവികാസങ്ങൾ ദേവപ്രശ്‌നത്തിനു വിധേയമാക്കണമെന്നു തന്ത്രി വിനീതമായി അഭിപ്രായപ്പെട്ടു. ക്ഷേത്രതന്ത്രിയെ കാര്യങ്ങൾ നടപ്പാക്കാൻ ഏർപ്പാടാക്കി. അതിൻപ്രകാരം 2011 ഓഗസ്‌റ്റ് എട്ടുമുതൽ നാലു ദിവസത്തേക്കു നാടകശാലയിൽ ദേവപ്രശ്‌നം നടത്തി. ദേവപ്രശ്‌നത്തിനെത്തിയ ദൈവജ്‌ഞരെ എനിക്കോ കുടുംബത്തിനോ അറിയാൻ പാടില്ല. സാധാരണ അസുഖം വന്നാൽ ഡോക്‌ടറെ സമീപിക്കും. ഡോക്‌ടറാണല്ലോ മറ്റു ചികിൽസാരീതികളുമെല്ലാം നിശ്‌ചയിക്കുന്നത്. ക്ഷേത്രത്തിൽ പ്രശ്‌നങ്ങളുണ്ടായപ്പോൾ ഞങ്ങൾ മറ്റു വൈദികനടപടികൾക്കായി തന്ത്രിയെ ഏൽപ്പിച്ചു. അറിയാൻവയ്യാത്ത കാര്യങ്ങൾ അറിയാൻ ഈ മാർഗമാണ് ഉണ്ടായിരുന്നത്; അതു ചെയ്‌തു. പ്രശ്‌നവിധി ചുരുക്കിപ്പറയാമായിരുന്നു.

ശാന്തസ്വരൂപനായ മഹാവിഷ്‌ണുവിനെയാണ് ദാസന്മാരായ ഞങ്ങൾ ഭജിക്കുന്നത്. സഹിഷ്‌ണുതയും വിനയവും ഒരിക്കലും കൈവിടാറില്ല. പ്രതിസന്ധികൾ നിറഞ്ഞ ദിനങ്ങളിലൂടെയാണു കടന്നുപോകുന്നത്. പരീക്ഷണങ്ങൾ പലതും കഴിഞ്ഞു. അധിക്ഷേപത്തിന്റെ പല ഘട്ടങ്ങളും കടന്നാണ് ഇവിടെ നിൽക്കുന്നത്. ഞാനൊരിക്കലും ആത്മനിയന്ത്രണം വിടാറില്ല.

1971ൽ അന്നത്തെ കേന്ദ്രസർക്കാർ ഞങ്ങളുടെ പ്രിവിപഴ്‌സ് നിർത്തലാക്കി. ഡൽഹിയിൽ ആ യോഗത്തിൽ പങ്കെടുത്തതു ഞാനായിരുന്നു. യോഗതീരുമാനം അറിഞ്ഞശേഷം കൊച്ചി വിമാനത്താവളത്തിൽ ഞാൻ വന്നിറങ്ങി. ജ്യേഷ്‌ഠൻ ചിത്തിര തിരുനാൾ തിരുമനസ്സ് അന്നു പീരുമേട്ടിലായിരുന്നു. അദ്ദേഹത്തെ കണ്ടു വിവരം അറിയിക്കാനായി ഞാൻ കൊച്ചി വിമാനത്താവളത്തിലിറങ്ങി. സാധാരണപോലെ വിഐപി റൂമിലേക്കു നടന്നു. വാതിൽക്കൽ ഒരു സെക്യൂരിറ്റി ഉദ്യോഗസ്‌ഥൻ എന്നെ തടഞ്ഞു. ഇനിമേൽ ഈ പരിഗണന തരാൻ പറ്റില്ലെന്നു പറഞ്ഞു. ഞാൻ മാറി നിന്നു. അപ്പോഴേക്കും മറ്റൊരാൾ എന്റെ അടുത്തു വന്നു. കൈത്തണ്ടയിലിട്ടിരുന്ന രണ്ടാംമുണ്ട് തോളത്തിട്ടു. എന്നോട് ഓരോ പ്രകോപനപരമായ ചോദ്യങ്ങൾ ചോദിച്ചുതുടങ്ങി.

വളരെ സംയമനത്തോടെ, ശാന്തതയോടെ എല്ലാറ്റിനും മറുപടി നൽകി. അതിനുശേഷം കുപ്പായത്തിന്റെ കീശയിൽനിന്നു സിഗരറ്റ് പായ്‌ക്കറ്റ് എടുത്തു. അതിൽനിന്നൊരെണ്ണമെടുത്തു ചുണ്ടിൽ വച്ചു കത്തിച്ചു. ശേഷം വലിച്ച പുക മൂന്നുതവണ എന്റെ മുഖത്തേക്ക് ഊതിവിട്ടു. എന്റെ പ്രതികരണം വിനയാന്വിതമായിരുന്നു. അതു കണ്ടിട്ടാവണം, അദ്ദേഹം രണ്ടാംമുണ്ട് കൈത്തണ്ടയിലേക്കു മാറ്റിയിട്ടു വിനയാന്വിതനായി നിൽക്കുന്നതും കണ്ടു. ആളൊരു രാഷ്‌ട്രീയ നേതാവായിരുന്നു.

ഭൂഗർഭ അറകളിൽ എന്തൊക്കെയുണ്ടെന്ന് ഒരുപരിധിവരെ എനിക്കറിയാം. പൂർവികർ ഞങ്ങൾക്കു പറഞ്ഞുതന്നിട്ടുണ്ട്. പക്ഷേ, ഇന്നുവരെ പോയി നോക്കിയിട്ടില്ല. ഈ സമ്പത്ത് ഞങ്ങൾക്കു വേണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിൽ 1947നു മുൻപേ ആകാമായിരുന്നല്ലോ. ശ്രീപത്മനാഭന് ഇത്രയും സമ്പത്തുണ്ടായിട്ടും ഉൽസവത്തിനും മുറജപത്തിനും ലക്ഷദീപത്തിനുമൊക്കെ ഭക്‌തിപൂർവം ഞങ്ങളാണു ചെലവഴിച്ചിരുന്നത്. അടുത്തകാലത്തായി ഭക്‌തന്മാരുടെ വഴിപാടുകളും സ്വീകരിക്കുന്നു. ക്ഷേത്രത്തോടനുബന്ധിച്ചു 17 ട്രസ്‌റ്റുകളുണ്ടെങ്കിലും അതിൽനിന്നുള്ള വരുമാനം ക്ഷേത്രച്ചെലവുകൾക്കു തികയാതെവരാറുണ്ട്. ക്ഷേത്രത്തിനകത്തോ പുറത്തോ സംഭാവനകൾ ആരോടും ഞങ്ങൾ ചോദിക്കാറില്ല. ഇക്കണ്ട സമ്പത്തൊന്നും ഞങ്ങളുടേതല്ലെന്നു ചെറുതിലേ മുതിർന്നവർ പറഞ്ഞു പഠിപ്പിച്ചിട്ടുണ്ട്.

ഈ സ്വത്തുവകകളെല്ലാം ശ്രീപത്മനാഭനുള്ളതാണ്. അതിൽനിന്ന് ഒരുതരിപോലും ഞങ്ങൾക്കു വേണ്ട. ഒരു മണൽത്തരിപോലും ക്ഷേത്രത്തിനു പുറത്തേക്കു പോകരുതെന്നാണു പൂർവികർ ഞങ്ങളെ പഠിപ്പിച്ചിട്ടുള്ളത്. അതിനാലാണ് ക്ഷേത്രത്തിൽനിന്നു പുറത്തേക്കു വരുമ്പോൾ ഇരുകാലുകളും നന്നായി കുടഞ്ഞിട്ടു വരുന്നത്. ഇപ്പോൾ അത് ഒരു ശീലമായി; ആരും ഓർമിപ്പിക്കണ്ട. ശ്രീപത്മനാഭനുള്ളത് അദ്ദേഹത്തിനു മാത്രം സ്വന്തം.



©manorama report

Comments